Tuesday, December 6, 2011

നാരികള്‍ നരനെ നരി ആക്കുന്നു

ഭാരതത്തിലെ മൂന്നു നാരികള്‍ ചേര്‍ന്ന് ഒരു നരനെ പെടുത്തുന്ന പാടുകണ്ട്‌ അങ്ങ് പറഞ്ഞു പോയതാ !
    നരന്‍ : പേര് മന്‍മോഹന്‍ സിംഗ് , തൊഴില്‍ പ്രധാനമന്ത്രി എന്ന് അറിയപ്പെടും , ഏറ്റവും ഭയം ജനപഥ്‌ ഒന്നാം നമ്പര്‍ വീടും അതിലെ താമസക്കാരെയും. ഇഷ്ടവിഷയങ്ങള്‍ ഗാട്ട് കരാര്‍ , കമ്പോള വല്‍ക്കരണം , ഗ്ലോബലൈസേഷന്‍‍, സ്വകാര്യവല്‍ക്കരണം , ഓഹരി വിറ്റ് അഴിക്കല്‍ ഇങ്ങനെ പോകും , പത്രകാരെ കണ്ടാല്‍ "മരുമോളെ കണ്ട അമ്മാവി അമ്മയെ" പോലെ മുഖം തിരിച്ചു നടക്കും , എന്തെങ്കിലും പറയണം എങ്കില്‍ അതിനു വക്താവ് ഉണ്ട് "ദേവിക്ക് വെളിച്ചപാട് " പോലെ , തിരഞ്ഞുടുപ്പില്‍ മത്സരിക്കില്ല എന്ന ശപഥം സോണിയാമ്മയുടെ കൃപ കൊണ്ട് ഇന്ന് വരെ സാധിച്ചു. അതുകൊണ്ട് എന്താ ജനത്തിനെ കാണേണ്ടല്ലോ എന്ന സമാധാനവും ഉണ്ട് . സ്വിസ് ബാങ്ക് അക്കൌണ്ടില്‍ പൈസ ഉള്ളവരുടെ പേര് ആരോടും മിണ്ടില്ല എന്നു പന്തയം വെച്ചിട്ടുണ്ട് ഇന്ന് വരെ തോറ്റിട്ടില്ല. ബോറടിക്കുമ്പോള്‍ ആ തമിള്‍ പിള്ളേരുടെ സ്പെക്ടറവും വിറ്റുള്ള കളികാണും.വിലക്കയറ്റം കാണുന്നത് ഐസ് മുട്ടായി കിട്ടിയ കുട്ടിയെ പോലെ ആസ്വദിക്കും. രൂപയുടെ മുല്യ തകര്‍ച്ച കണ്ടാല്‍ ചുമ്മാ കൈയ്യടിച്ചു രസിക്കും. ഇത്രയും നിരുപദ്രവകാരി ആയ ഈ ഉള്ളവനെ ആണ് ഈ മൂന്ന് നാരികള്‍ ചേര്‍ന്ന് പെടാപാട് പെടുത്തുന്നത്.
    ആദ്യത്തെ നാരി സാദാ ഒരു
ഖദര്‍ സാരിയും ചുറ്റി വള്ളി ചെരുപ്പും ഇട്ടു അങ്ങ് പാര്‍ലമെന്റില്‍ ട്രെയിന്‍ ഓടിക്കുന്ന ഒരു വകുപ്പില്‍ ആയിരുന്നു കുറച്ചു നാള്‍ ജോലി. പേരിനോട് മമത ഇല്ലെങ്കിലും "മമത" എന്ന് അറിയപ്പെടും . പണ്ടേ ചുവപ്പ് കണ്ടാല്‍ കലി ഇളകും, കൈയ് പത്തിയും താമരയും അവസരത്തിനൊത്ത്‌ മാറി മാറി പിടിക്കും , "ടാറ്റ" എന്ന് കേട്ടാല്‍ 'പോളിറ്റ് ബ്യുറോ' എന്ന് കേട്ടമാതിരി തെറിവിളിക്കും.സ്വന്തം പുസ്തകം വിറ്റ് അരി മേടിച്ചു പോകുന്നു. ഇങ്ങനെ പോകുമ്പോള്‍ ആണ് നാട്ടുകാര്‍ പിടിച്ചു മുഖമന്ത്രി ആക്കിയത്. എളിമകൊണ്ട് വേണ്ട എന്ന് പറഞ്ഞില്ല. ജീവിത സ്വപ്നം ആയിരുന്നല്ലോ ? അങ്ങനെ ഇന്ദ്രപ്രസ്ഥം വിട്ട് വംഗ നാട്ടിലേക്ക് വണ്ടികയറിയപ്പോള്‍ പാവം നരന്‍ കരുതി ഹൊ രക്ഷപെട്ടു! ഇനി എങ്കിലും കുറച്ചുനാള്‍ കുടുംബത് സമാധാനം കിട്ടും എന്ന് . ശരിയാ കുറച്ചു ദിവസം കുഴപ്പം ഇല്ലായിരുന്നു. വിദേശ പര്യടനം ഒക്കെ കഴിഞ്ഞു ബോറടിച്ചു ഇരുന്നപ്പോള്‍ ഒരു തമാശക്ക് ആണ് പെട്രോള്‍ വില വിണ്ടും ഒന്ന് കൂട്ടിയത്. ആ മലയാളി കുഞ്ഞുങ്ങള്‍ ഒരു ഹര്‍ത്താല്‍ നടത്തി രസിക്കട്ടെ എന്ന് മാത്രമേ കരുതിയുള്ളു. ദാ കിടക്കുന്നു " കടുകും കരുവേപ്പിലയും " എന്ന് പറഞ്ഞപോലെ അമ്മ തുടങ്ങി, പിന്തുണ പിന്‍വലിക്കും സമരം ചെയ്യും തുടങ്ങി ഉള്ള മനസമാധാനം കെടുത്തല്‍ . അത് ഒന്ന് പറഞ്ഞു സെറ്റില്‍ ചെയുതപ്പോള്‍ ആണ് പാവം ഒബാമ പറയുന്നത് ഓന് തെരഞ്ഞെടുപ്പു കാലം ആണ് "സമ്പത്ത് വ്യവസ്ഥിതി " ഓന്റെ അമേരിക്കയില്‍ തകര്‍ന്നു നില്‍ക്കുക ആണ് ഇങ്ങനെ വോട്ട് ചോദിച്ചാല്‍ എട്ട് നിലയില്‍ പൊട്ടും എന്ന് ഒക്കെ.തിരഞ്ഞെടുപ്പിന്റെ ബുദ്ധിമുട്ട് ഒന്നും സോണിയാമ്മ ഉള്ളത് കൊണ്ട് അറിഞ്ഞിട്ടില്ല എങ്കിലും കേട്ട് അറിയാവുന്നത് കൊണ്ട് ആ പാവം ഒബാമ ജീവിച്ചു പോകട്ടെ എന്ന് കരുതിയാണ് ഇന്ത്യന്‍ ചെറുകിട വ്യാപാര മേഖല വിദേശ കുത്തകകള്‍ക്ക് തുറന്നു കൊടുത്തത്. എന്ത് ചെയ്യാനാ ആര്‍ക്കും ഗുണം ചെയുന്നത് പെണ്ണിന് പണ്ടേ പിടിക്കില്ല.വീണ്ടും തുടങ്ങി അമ്മേന്റെ പരാക്രമം , "ഖദര്‍ സാരിക്കാരിക്കു വിദേശ സാരിയുടെ ഗുണം അറിയത്തില്ല "എന്ന് സമാധാനിച്ചു ആര്‍ക്കും ഗുണം ചെയിതില്ലെങ്കിലും കുടുംബത് സമാധാനം മതി എന്ന് കരുതിയും തത്കാലം ആ തീരുമാനം പരണത്തു വെച്ചു.
     ശകലം തെക്കോട്ട്‌ മാറിയാണ് അടുത്ത "നാരിയുടെ" വാസം, പേര് " മായാവതി "കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ നാരി ആണ് എന്ന് തോന്നില്ല , മുടി ബോബ് ചെയ്തു സദാ ചുരിദാര്‍ ധാരിണി ആയി ചുറ്റി തിരിയും.തോളിലെ ബാഗ്‌ കണ്ടാല്‍ "കര്‍ണനു കുണ്ഡലം കിട്ടിയപോലെ " ജനിച്ചപ്പോഴെ ഉള്ളതാണ് എന്ന് സംശയിക്കും .മുന്നോക്കം എന്ന വാക്ക് കേട്ടാല്‍ ഉറഞ്ഞു തുള്ളും. നേരം പോക്കിനായി പാര്‍ക്ക് നിര്‍മിക്കും, അതില്‍ കോടികള്‍ മുടക്കി പ്രതിമ നിര്‍മിക്കും അങ്ങനെ
കൊച്ചുകൊച്ചു തമാശകളും ഒക്കെ കാണിച്ച് അവിടെ കഴിഞ്ഞോട്ടെ എന്ന് കരുതിയതാണ്. പക്ഷെ ഭര്‍ത്താവ് അറിയാതെ കുടുംബം ആങ്ങളമാര്‍ക്ക് എഴുതിയത് പോലത്തെ പണി ആണ് ആയമ്മ കാട്ടിയത്. സ്വന്തം സംസ്ഥനത്തെ നാലായി കീറി നാലു സംസ്ഥനങ്ങള്‍ക്കും നാലു പേരും കൊടുത്തു. അങ്ങനെ ഗ്രഹനാഥന്‍റെ ഭരണം തിരിച്ചു പിടിക്കാം എന്ന സ്വപ്നവും തകര്‍ത്തു ആ നാരി ആനപ്പുറം കയറി.
        മൂന്നാമത്തെ ആള് ആണ്
ഭയങ്കരം.പൂച്ചകള്‍ക്ക് ഒപ്പമേ നടക്കു. അതും വെറും പൂച്ച പോര സാക്ഷാല്‍ കരിമ്പൂച്ച തന്നെ വേണം. വീടിനു പുറത്തു ഇറങ്ങില്ല അഥവാ ഇറങ്ങിയാല്‍ മിനിമം നൂറ്റി ഒന്ന് പേര്‍ അമ്മയുടെ പാദാരവൃന്തത്തില്‍ നമസ്കരിക്കണം.ഏക്കര്‍ കണക്കിന് വലുപ്പം ഉള്ള ബംഗ്ലാവില്‍ മാത്രം താമസം.പൊള്ളിയ പപ്പടം പോലത്തെ മുഖം അല്ലാതെ മറ്റ് ഒന്നും പുറത്തു കാണാത്ത വസ്ത്ര ധാരണം. ആജന്മശതൃക്കള്‍ കറുത്ത കണ്ണടയും കരുണാനിധിയും. നേരം കിട്ടിയാല്‍ കുംഭകോണം നടത്തും അല്ലെങ്കില്‍ കുംഭകോണം വഴി യാത്ര ചെയ്തു സമാധാനിക്കും.ഒന്നും ഇല്ലാത്തപ്പോള്‍ ഊട്ടിയിലെ തണുപ്പ് ശശികലയോടെ ഒപ്പം ആസ്വദിക്കും.ലോകത്തോട്‌ തന്നെ പുച്ഛം , കോടതി എന്ന് കേട്ടാല്‍ പരമ പുച്ഛം , പഴയ ചെരുപ്പ് മേടിച്ച കണക്കും വളര്‍ത്തുമോന്റെ കല്യാണ ചിലവും എല്ലാം ഈ കോടതികള്‍ വെറുതെ ആണ് ചോദിക്കുന്നത് എന്ന ഭാവം. എന്തായാലും ശരി അടുത്തകാലത്തായി ആ അമ്മേനെ കൊണ്ട് വലിയ ശല്യം ഒന്നും ഇല്ലായിരുന്നു.കനിമൊഴിയെയൂം രാജയെയും തീഹാറില്‍ താമസിപ്പിച്ചത് കൊണ്ട് അമ്മക്ക് വഴക്ക്   ഉണ്ടാക്കാന്‍ആളും കുറവായിരുന്നു.പ്രതിപക്ഷം ഇല്ലാത്ത ഭരണം ആയത് കൊണ്ട് ചോദിക്കാനും പറയാനും ആരും ഇല്ലതാനും. അല്പം സ്വസ്ഥത കിട്ടിഎന്നു കരുതിയപ്പോള്‍ ആണ് ആന്റണിച്ചായന്റെ സ്വെന്തം നാട്ടില്‍ ഭൂമി കുലുങ്ങിയത് അതും പഴുത്ത "ചാമ്പക്കാ  പരുവത്തില്‍" ഇരിക്കുന്ന " മുല്ല പെര്യാര്‍ ഡാമിന് " കിഴില്‍ ,അതോ ഒന്നോ രണ്ടോ ആണോ ഒരു ഒത്തിരി. ആ ഡാമിന്റെ അവസ്ഥ ഉള്ളാല്‍ അറിയാമെങ്കിലും പുറത്തു പറയാന്‍ പറ്റുമോ, ഒന്നാമതേ അമ്മക്കും കൂട്ടര്‍ക്കും ബോധമില്ല പിന്നെ വെള്ളത്തിന്റെ കാര്യം പറയുകയും വേണ്ട. "കാവേരി" " കാവേരി " എന്ന് പറഞ്ഞു ആ പാവം കന്നഡക്കാരുടെ നെഞ്ചില്‍ ആയിരുന്നു കഴിഞ്ഞ കാലമെല്ലാം. ഇപ്പം ഒന്നും പറയാതിരിക്കാനും പറ്റില്ല സോണിയാമ്മയും ആന്റണിയും " ചക്കെരേം ഈച്ചേം" പോലാ. അതുകൊണ്ടാ ഇന്ത്യ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയെക്കു തന്നെ "ആയമ്മയെ" ചര്‍ച്ചക്ക് വിളിച്ചത്. രാജ്യത്തിന്‌ വേണ്ടി കുടുംബ ജീവിതം ഉപേക്ഷിച്ചവര്‍ ആണല്ലോ ഈ മൂന്നു നാരികളും , അത് കൊണ്ടാവാം അനുസരണ ശീലം തീരെകുറവ്. ഡല്‍ഹിക്ക് വിളിച്ചപ്പോള്‍ "മൊഴി ചൊല്ലി "ഇറങ്ങിയ ഭാര്യെ പോലെ ഒരുകത്തും അയച്ച് കൂട്ടുകാരിയും കൂടി ഊട്ടി മലകയറിയത് , 
ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട്‌ പോകുന്ന രീതി.
മലയാളി ചത്താല്‍ എന്താ തുലഞ്ഞാല്‍ എന്താ ? തമിഴനും മലയാളിയും അതിര്‍ത്തിയില്‍ തമ്മില്‍ തല്ലി മരിച്ചാല്‍ എന്താ ?
അമ്പോ ! ഈ ഊട്ടിയിലെ ഒരു തണുപ്പേ !
എന്ന് പറഞ്ഞ് അവര്‍ അവിടെ പൊറുതി തുടങ്ങി ,
അവസാനം അവര്‍ യോഗത്തിന് വരേണ്ട കൂട്ടത്തില്‍ ഉള്ളവരെ എങ്കിലും വിട്ട് ഈ ഉള്ളവന്റെ മാനംകാക്കും എന്ന് വെറുതെ കരുതി അതും ഇല്ല .
ഹോ ! ഈ മൂന്നു പെണ്ണുങ്ങളെക്കൊണ്ട് മനുഷ്യന്റെ വില പോയി ,
"അല്ല ശശി എന്നും ശശി തന്നെ ആണെ" !!!

ബിജു പിള്ള             


          

2 comments:

  1. കൊള്ളാം.പക്ഷേ മുല്ലപ്പെരിയാറില്ആണുങ്ങള് കളിക്കുന്ന ഒത്തുകളിയും കണ്ടില്ലേ?
    എല്ലാരും കൂടെ മനുഷ്യരുടെ ജീവന് പന്താടട്ടെ.നമുക്ക് അന്യോന്യം പഴിപറയാം.
    കിട്ടിയ അവസരംപാഴാക്കര്തല്ലോ.

    ReplyDelete
  2. ഇറ്റാലിയന്‍ നാരിയെ വിട്ടുപോയോ?

    ReplyDelete