Friday, December 16, 2011

അയ്യപ്പന്മാരെ സാക്ഷിനിര്‍ത്തി ഒരു വെല്ലുവിളി


അയ്യപ്പന്മാരെ സാക്ഷിനിര്ത്തി ഒരു വെല്ലുവിളി
രാഹുല്‍ ഈശ്വര്‍ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ പാടില്ല.” കേരളാ ദേവസ്വം ബോര്‍ഡ്പറയുന്നു.
ഞാന്‍ അവരെ വെല്ലുവിളിക്കുന്നു.” പറയുന്നത് തന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ഈശ്വര്‍‍.
ഇതുകണ്ട് അമ്പരന്നു നില്ക്കുന്നത് അയ്യപ്പഭക്തര്‍‍.
എന്താണ് സംഭവം?
രംഗം നമുക്ക് ഒന്ന് ഭാവനയില്‍ കണ്ടുനോക്കാം.
ശബരിമല ക്ഷേത്രത്തിലെ തന്ത്രി ഒരുദിവസം ചെറുമകനുമായി ക്ഷേത്രത്തിലെത്തി. തന്ത്രിയെക്കണ്ട് എല്ലാവരും വണങ്ങുന്നു. കൂടെയുള്ള ചെറുപ്പക്കാരനെ വളരെക്കുറച്ചുപേര്‍ മാത്രമേ അറിയുകയുള്ളൂ.
തന്ത്രിയോടൊപ്പം ചെറുപ്പക്കാരനും അകത്തേക്ക് കടക്കാനൊരുങ്ങുമ്പോള്‍  ക്ഷേത്രത്തിലെ ജീവനക്കാര്‍ തടയുന്നു.
ചെറുപ്പക്കാരന്‍ പിന്മാറുന്നു. അതോടെ കഥ അവസാനിപ്പിക്കാമായിരുന്നു. പക്ഷെ ചെറുപ്പക്കാരന് തോന്നിയത്നാണക്കേട്.
പിന്നീട് നടന്നത് വ്യക്തമല്ല. ചെറുപ്പക്കാരന്‍ താന്‍ തന്ത്രിയുടെ ചെറുമകന്‍ ആകയാല്‍ തനിക്ക്അകത്തുപ്രവേശിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞുകാണും. തന്ത്രി അത് അംഗീകരിച്ചുകാണും. പുതിയ അറിവിന്റെ മുന്പില്‍ അമ്പരന്നുനിന്നുപോയ ക്ഷേത്രജീവനക്കാര്‍ സംഭവം ദേവസ്വം ബോര്‍ഡ്ഉദ്യോഗസ്ഥര്‍ക്ക്റിപ്പോര്‍ട്ട് ചെയ്തിരിക്കാം. തന്ത്രി ദേവസ്വം ബോര്‍ഡിനു മുന്‍കൂട്ടി നല്‍കിയ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത,തന്ത്രിയുടെ കുടുംബക്കാര്‍ക്ക് (ആര്‍ക്കും തന്നെ) ശ്രീകോവിലില്‍ പ്രവേശിക്കാമെന്ന് അതുവരെ കേട്ടിട്ടില്ലാത്തതിനാല്‍ ദേവസ്വം ബോര്‍ഡ് രാഹുല്‍ ഈശ്വര്‍ തല്ക്കാലം ശ്രീകോവിലില്‍ പ്രവേശിക്കേണ്ടെന്നും വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും തീരുമാനിക്കുന്നു. ഇത് കേട്ടിട്ടാകാം രാഹുല്‍ഈശ്വര്‍ പറഞ്ഞത്: “ഞാന്‍ അവരെ വെല്ലുവിളിക്കുന്നു.”
ശബരിമലക്ഷേത്രശ്രീകോവിലിനു മുന്നിലായി എഴുതിവച്ചിരിക്കുന്നു: “തത്വമസി”. അതായത്‌ “അത് നീ ആകുന്നു.” നീതന്നെയാണ് ദൈവം. ദൈവത്തെ, നമ്മുടെ ഉള്ളില്‍ തന്നെയുള്ള ദൈവത്തെ മായയുടെ മറനീക്കി അനുഭവിച്ചറിയാനുള്ള ശ്രമം മാത്രമാണ് എല്ലാ തീര്‍ഥാടനങ്ങളും. അദ്വൈതത്തിന്റെ പാതയിലൂടെ ഇങ്ങനെ ചിന്തിച്ച് ആസ്വദിച്ചു മുന്നോട്ടു പോയാല്‍ ക്ഷേത്രങ്ങള്‍  പോലും മായ. പക്ഷെ ഒരു തികഞ്ഞ അദ്വൈതിയാകാന്‍ നമുക്കൊന്നും കഴിയില്ലല്ലോ? അതിനു നമ്മള്‍ ശങ്കരാചാര്യരോ രാമകൃഷ്ണപരമഹംസരോ ഒക്കെയാകണം. അതുകൊണ്ടാണ് ശങ്കരാചാര്യര്‍ പോലും ക്ഷേത്രങ്ങളും മഠങ്ങളും മറ്റും ഉണ്ടാക്കിയത്. മനുഷ്യനിലെ അഹം എന്ന ഭാവം വിനയത്തിലൂടെ മാറ്റി ഉള്ളിലുള്ള ആദ്യന്തമില്ലാത്ത പ്രകാശത്തെ അനാവരണം ചെയ്യുകയാണ് ക്ഷേത്രങ്ങളുടെയും ക്ഷേത്രപൂജകളുടെയും ആത്യന്തിക ലക്‌ഷ്യം.അതിനുള്ള പാഠശാലയാണ് ക്ഷേത്രങ്ങള്‍. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെവെറും പ്രൈമറി ക്ലാസുകള്‍.” ഒരിക്കല്‍ഉള്ളിലെ പ്രകാശം തിരിച്ചറിഞ്ഞ് അനുഭവിക്കാന്‍ കഴിഞ്ഞാല്‍ പിന്നെന്തിനു ക്ഷേത്രം?
പക്ഷെ ഒരു പാഠശാലയില്‍ചില നിയമങ്ങള്‍ കൂടിയേ തീരൂ. നിയമങ്ങള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബാധകമാണ്. സ്വന്തം ചെറുമകനെ സ്കൂളില്‍ പഠിപ്പിക്കാന്‍ നിയോഗിക്കാന്‍ ഒരു അധ്യാപകന് അവകാശമില്ലാത്തതുപോലെ, പൂജചെയ്യാനായോ മറ്റ് എന്തിനെന്കിലുമായോ സ്വന്തം ചെറുമകനെ ശ്രീകോവിലിനുള്ളില്‍ കൂട്ടിക്കൊണ്ടുപോകാന്തന്ത്രിക്ക് അവകാശമില്ല എന്ന് മാത്രമേ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ. അല്ലെങ്കില്‍ ക്ഷേത്രം എന്ന പാഠശാലതന്നെ ഇല്ലാതാകും. ഏതായാലും ഒന്ന് വ്യക്തം. ദൈവസന്നിധിയില്‍ നിന്ന് വെല്ലുവിളിക്കുന്നയാള്‍ ഭക്തനാകാന്‍ വഴിയില്ല. കാരണം ഭക്തന് വേണ്ട ആദ്യത്തെ ഗുണം വിനയം ആണ്. വിനയം കൈമുതലായുള്ളയാള്‍ വിശദീകരിക്കാനല്ലാതെ വെല്ലുവിളിക്കാന്‍ തുനിയുമെന്ന് എനിക്ക് തോന്നുന്നില്ല.
ഇനി നാം രാഹുല്‍ ഈശ്വറിനെ കാണുന്നത് കോടതിയിലാകുമോ?
ഇനി ഒരുപക്ഷെ തന്ത്രിസ്ഥാനം കുടുംബസ്വത്താണെന്നിരിക്കട്ടെ. മാനേജ്മെന്റ് സ്കൂള്‍ പോലെ. പക്ഷെ മാനേജരുടെ മകന് യോഗ്യതയുണ്ടെങ്കില്‍ പോലും അവിടെക്കയറി അദ്ധ്യാപകസ്ഥാനത്ത്സ്വയം പ്രതിഷ്ടിക്കാനാകുമോ?
@@@@@@@@
കൃഷ്ണന്‍കുട്ടി നായര്‍

2 comments:

  1. തന്ത്രി പൂജ നടത്തിയാല്‍ മകനു ഗ്രാഹ്യമുണ്ടാവുമോ ?

    ReplyDelete
  2. ഇതെല്ലാം രാഹുൽ പയ്യന്റെ നമ്പറുകളല്ലേ... കുറച്ച് നാളായി പയ്യൻസി മാധ്യമ ശ്രദ്ധകിട്ടിയിട്ട്...

    എല്ലാ മതക്കാർക്കും ജാതിക്കാർക്കും കയറാൻ കഴിയുന്ന ശബരിമലയിലെ ശ്രീകോവിലിൽ ജാതി ചിന്ത തലയ്ക്ക് പിടിച്ച ഈ പയ്യൻസിനെ തടഞ്ഞവരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു

    ReplyDelete