Wednesday, August 17, 2011

മോക്ഷം

കാലം ചവച്ചു ചണ്ടി തുപ്പിയോരുടലിലെ
പ്രാണനും പറന്നന്നജ്ഞാതതീരം തേടി
കാവലായിരുന്നോരകന്നൂ കൈയും വീശി
കാണികളടുക്കുന്നു ജഡം കണ്ടുമടങ്ങാനായ്
ദുഖത്തിന്‍ മുഖപടമഴിച്ചു പരേതന്‍െറ
നിര്‍ജ്ജീവമുഖത്തര്‍പ്പിച്ചു പിന്‍വാങ്ങുന്നു ബന്ധുക്കള്‍
മുറ്റത്തിന്‍ കോണില്‍ ശോകം മുറ്റിയ ബുധജനം
തര്‍ക്കിക്കുന്നൊരുപക്ഷെ ദുഃഖം മറക്കാനാകാം
മകനും ധൃതിയില്‍ ചുറ്റുമാജ്ഞകള്‍ വിതറുന്നു
പരേതനു പരലോകത്തൈശ്വര്യം വിതക്കുന്നു
കാര്യസ്ഥന്‍ അടുതെത്തി കാതില്‍ മന്ത്രിച്ചു മെല്ലെ
മാവൊന്നു വെട്ടണ്ടേ അതേതെന്നു ചൊല്ലൂ വേഗം
മറുപടി ഉരചെയ്തു മകനും നാട്ടാര്‍ കേള്‍ക്കെ
വലിയൊരു മാവ് തന്നെയായിക്കോട്ടേയച്ഛന്നായി

(2)

വീട്ടുമുറ്റത്തെ കൂട്ടം കണ്ടുരസിച്ചു ചുറ്റു-
മോടിനടക്കുമ്പോഴാ ബാലിക കണ്ടു ദൂരെ-
യാരോ വെട്ടിവീഴ്ത്തുന്നു തേന്മാവിന്‍ വന്‍ശാഖകള്‍
ചിതറിത്തെറിപ്പൂ ചുറ്റും പൂക്കളുമിലകളും
എന്തിനുവെട്ടുന്നിവരച്ഛനിതറിഞ്ഞില്ലേ?
ഉടനെപോയ്പറയട്ടെ, യവരെത്തടയാന്‍ വേഗം
കണ്മണിക്കുരുന്നിന്‍െറ നിറയുംനേത്രംതുട-
ച്ചുമ്മവെച്ചോതീ താതന്‍ അവരതു മുറിച്ചോട്ടെ
മുത്തശ്ശനെ നമുക്ക് സ്വര്‍ഗ്ഗത്തേക്കയക്കണ്ടേ
തല്ക്കാലമതിനാമാവിന്‍ പതനമതനിവാര്യം
പകരമിനയൊരു മരം നടാം നമുക്കതുമതി
മകളിനിപ്പോയി മാതൃസവിധതിലിരുന്നോ
ളൂ
മാതാവിന്നോരം ചേര്‍ന്നിരുന്നപ്പോഴും പിഞ്ചു-
മാനസം മാവിന്‍ചോട്ടില്‍ ശോകമൂകമായ് നിന്നു
എത്രയോ മധുരങ്ങ ളെത്രയോ സുഗന്ധങ്ങ-
ളെനി
ക്കായ് പകര്‍ന്നതാണീമാകന്ദമണിമുത്തശ്ശന്‍
അവിടെയിലപ്പായില്‍ ശയിക്കും മുത്തശ്ശനേ-
യറിയുകപോലുമില്ല, യില്ലല്ലോ ഞാനൊട്ടുമേ
മരിച്ച മുത്തശ്ശനു നാകം പൂകാനെന്തിനീ
തുടിക്കും ചൈതന്യത്തെ വെട്ടിവീഴ്ത്തുന്നൂ ഇവര്‍?
കുരുവിക്കുഞ്ഞുങ്ങള്‍ക്കിനി എവിടെയാണഭയമാ-
ചെറുകിളികളും സ്വര്‍ഗ്ഗം പൂകുമോ ഇതോടൊപ്പം?
സ്വര്‍ഗ്ഗം മുകളിലാണെന്നമ്മ പറഞ്ഞല്ലോ
സ്വര്‍ഗ്ഗത്തിലേറാന്‍ മാവിലേറുകയല്ലേ വേണ്ടൂ?
ഒരുപക്ഷെയിതവിടെ പുനര്‍ജ്ജനി
ച്ചേക്കാം, പക്ഷെ-
യതിന്‍ ഫലം നുകരാനായ് സ്വര്‍ഗ്ഗത്തു പോകാനാമോ?

(3)

ദൂരെയപ്പോള്‍ മുഴങ്ങീ ഭീകരസ്വനം മാവിന്‍
പ്രാണന്‍ പറിഞ്ഞുടലൊടിഞ്ഞു പതി
ച്ചോരുഭീമാരവം
ഉള്ളം നടുക്കുമാ, നാദം അവളെ തളര്‍ത്തി, എന്തോ
തന്നുടലിങ്കല്‍നിന്നു പാഞ്ഞകന്നതുപോലെ
ഞെട്ടിത്തെറിച്ചവളെഴുന്നേറ്റു; മുത്തശ്ശന്‍റെ

നിശ്ചലദേഹം കണ്ണില്‍ തടഞ്ഞൊരു നിമിഷാര്‍ദ്ധം
അകലെ നീലാകാശം വിങ്ങിപ്പുകയുംപോലെ
യമല, മരതകപൂരമറ്റുവീണതിനാലോ
തറയില്‍ തകര്‍ന്ന പൂചെണ്ടുകളിലകളും
ഇടയിലമര്‍ന്നരഞ്ഞയുണ്ണിക്കായ്‌ കണങ്ങളും
അതിനിടയിലവള്‍ക്കാ
യ്‌ കാത്തുവെച്ചതുപോലെ
ഒരു മാമ്പഴം, ഓമലിന,ന്ത്യോപഹാരമാകാം
ഒരു സാന്ത്വനം തേടിയാപൈതല്‍ ചുറ്റും നോക്കി-
യിതെന്തല്‍ഭുതാമാരു, മീക്കൊലയറിഞ്ഞില്ലേ??
വീണ്ടും പോയ്‌ തന്മാതാവിന്‍
സവിധത്തിലിരുന്നവ-
ളുയരുമേങ്ങലടക്കാന്‍ കഴിയാതെ, കണ്ണീരോടെ
മാതാവുടലോടുചേര്‍ത്തുതടവീ പൂമ്പൈതലെ
'മോളെ നീ കരയാതെ, മുത്തശ്ശനായ് പ്രാര്‍ത്ഥിക്കൂ'
ഏതു മുത്തശ്ശനായവള്‍ പ്രാര്‍ത്ഥിക്കണമമ്മേ
ആയതുകൂടി ചൊല്ലൂ അവള്‍ക്കതറിയില്ലല്ലോ
..... കൃഷ്ണ


No comments:

Post a Comment