Tuesday, August 16, 2011

സ്വപ്‌നങ്ങള്‍ ഇല്ലെങ്കില്‍ ജീവിതം ഇല്ല. ജീവിക്കാന്‍ മനുഷ്യനുള്ള പ്രേരണയാണ് സ്വപ്നങ്ങളും പ്രത്യാശയും. ആറു തവണ യുദ്ധം തോറ്റ രാജാവിന്‍റെ കഥ പോലെ...
കരം വീക്ഷങ്ങളും ജനത്തിന് തിരിച്ച് അഴിമതിയും നിയമലംഘനങ്ങളും തോടുകളായ റോഡുകളും പോരെങ്കില്‍ ഗുണ്ടാസംഘങ്ങളേയും നല്‍കുന്ന ഭരണാധിപന്‍മാരുളള രാജ്യതതില്‍ നിങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടില്ലേ? പക്ഷെ എങ്കിലും നമ്മള്‍ ആഗ്രഹിക്കുന്നു, വീണ്ടും പ്രതീക്ഷിക്കുന്നു... "ശരിയാവും, ഇനിയും ഒരു മഹാന്‍ നമ്മെ നയിക്കാന്‍ എത്തും, അണ്ണാ ഹസാരെ അതിന്‍റെ മുന്നൊരുക്കം ആയേക്കാം" എന്നൊക്കെ. ഇത് നമ്മുടെ മനസ്സിന്‍റെ സാമൂഹ്യവശം.
ഓരോരുത്തരുടെയും സ്വന്തം ജീവിതം എടുത്താലും സ്ഥിതി മറ്റൊന്നല്ല. വീടിനു മുന്‍പിലെ റെയില്‍പാളത്തില്‍ ആകെയുള്ള രണ്ടു മക്കളും അത്മഹത്യ ചെയ്യുകയും വളരെ താമസിയാതെ ഭര്‍ത്താവ് മരിച്ചു പോവുകയും ചെയ്ത മദ്ധ്യവയസ്ക ഇപ്പോഴും മനോനില തെറ്റാതെ ജീവിക്കുന്നത് എനിക്ക് നേരിട്ടറിയാം. പണ്ട് ഉറ്റവരെ ഉപേക്ഷിച്ചു വിവാഹിതയായി ലക്ഷംവീട്ടിലെ ഒതുങ്ങിയ സൌകര്യത്തില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷമായി കഴിഞ്ഞതിന്‍റെ ഓര്‍മ്മകള്‍ ആവാം അവരെ മുന്നോട്ടു നയിക്കുന്നത്. ഇപ്പോഴും അവര്‍ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്തു ജീവിക്കുന്നു... അവരുടെ പ്രത്യാശ എന്താണെന്നത് എനിക്കിപ്പോഴും അറിഞ്ഞുകൂടാ; അറിയുന്നതിനേക്കാള്‍ നല്ലത് അത് ഒരു അത്ഭുതം ആയിത്തന്നെ ഇരിക്കട്ടെ എന്നും തോന്നാറുണ്ട്... കാരണം അത്ഭുതം എനിക്ക് പലപ്പോഴും ഊര്‍ജ്ജം പകര്‍ന്നു തരാറുണ്ട്. ഉന്നത പട്ടാള ഓഫീസറായ ഭര്‍ത്താവും കൌമാരക്കാരനായ ഏകമകനും മാസങ്ങളുടെ ഇടവേളയില്‍ നഷ്ടപ്പെട്ട സ്ത്രീയെപ്പറ്റിയും ഞാന്‍ മുന്‍പ് പറഞ്ഞ അതേ അത്ഭുതത്തോടെ തന്നെ ആലോചിക്കാറുണ്ട്. മകന്‍റെ സുഹൃത്ത്‌ നല്‍കിയ വളര്‍ത്തു നായ ആണ് അവരുടെ ഏക സഹജീവി.
പറഞ്ഞുവന്നത്
, ഇന്നലെകളും ഇന്നും നാളെയും ചേര്‍ന്നതാണ് ജീവിതവീഥി. അതില്‍ കാലിടറി വീഴാതെ നയിക്കാന്‍ നമ്മെ വീക്ഷങ്ങളും ഇന്നലകള്‍ പകര്‍ന്നു തന്ന അനുഭവങ്ങളും ഇന്നിന്‍റെ ഊര്‍ജ്ജവും നാളയുടെ പ്രതീക്ഷകളും ആണ്. അങ്ങനെയുള്ള സ്വപ്‌നങ്ങള്‍, അത് മനുഷ്യന്‍റെ സാമൂഹ്യ ചുറ്റുപാടുകളെക്കുറിച്ചായാലും വ്യക്തിജീവിതത്തെക്കുറിച്ചായാലും, അത്തരം സ്വപ്‌നങ്ങള്‍ നിങ്ങള്‍ക്കിവിടെ പങ്കു വെക്കാം.
ഉദാഹരണത്തിന്
നമ്മുടെ ഡ്രൈവിംഗ് സംസ്കാരത്തെക്കുറിച്ച്, പ്രത്യേകിച്ച് വിദേശരാജ്യങ്ങളില്‍ ജീവിച്ചവര്‍ക്ക്, 'ശ്ശൊ നമ്മള്‍ എന്താ ഇങ്ങനെ..? ഇനി എന്നാ നമ്മള്‍ നന്നാവുക?' എന്ന് തോന്നാറില്ലേ? മര്യാദ ഇല്ലാത്ത പെരുമാറ്റത്തിന് മലയാളി പേരുകേട്ടവര്‍ ആണല്ലോ. ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിനു നമ്മേക്കാള്‍ വലിയ ഇരകള്‍ ഇല്ലല്ലോ...
അങ്ങനെ നമ്മുടെ സമൂഹത്തേയും രാജ്യത്തേയും കുറിച്ച് നിങ്ങള്‍ക്കുള്ള വീക്ഷണവും കാഴ്ചപ്പാടുകളും സ്വപ്നങ്ങളും നമുക്ക് പരസ്പരം പങ്കു വെക്കാം..

No comments:

Post a Comment