Thursday, August 25, 2011

ഇവരെ ആര് കമ്യൂണിസ്റ്റ് അല്ലാതാക്കും?

  പഞ്ചായത്ത് ഇലക്ഷന്‍ സമയം. നാട്ടുകാരുടെയെല്ലാം പ്രിയങ്കരനായ സുരേഷ് വാര്‍ഡ് മെമ്പറായി മത്സരിക്കുന്നു. പാര്‍ട്ടിനോക്കാതെ, സേവനം മാത്രം ജീവിതചര്യയാക്കിയ സുരേഷ് അഭിമാനത്തോടെയാണ്‌ വോട്ടു ചോദിക്കാന്‍ നാട്ടിലിറങ്ങിയത്. ശങ്കരിയമ്മയുടെ വീട്ടിലേക്കു പ്രവേശിക്കവേ,
കഴിഞ്ഞ തവണ പഞ്ചായത്തില്‍ നിന്നും താനിടപെട്ടു അനുവദിച്ചു കിട്ടിയ തുക കൊടുത്തു വാങ്ങിക്കൊടുത്ത പശുവിനെക്കുറിച്ചും കഴിഞ്ഞ മഴക്കാലത്ത് ഭാഗികമായി തകര്‍ന്നുപോയ അവരുടെ വീടിന്റെ പണിക്കായി നാട്ടില്‍ പിരിവു നടത്തി പണിഞ്ഞുകൊടുത്തതും എല്ലാം അറിയാതെ ഓര്‍ത്തുപോയി. അഭിമാനത്തോടെ ശങ്കരിയമ്മയുടെ അടുത്തെത്തിയ സുരേഷിനെ അത്യാഹ്ലാദത്തോടെയാണവര്‍ സ്വീകരിച്ചത്.
"നീ വോട്ടു ചോദിച്ചിവിടെ വരണോ മോനെ?"
ശങ്കരിയമ്മ തന്റെ കൈ ഉടുമുണ്ടില്‍ തുടച്ചുകൊണ്ട് സുരേഷിന്റെ അടുത്തെത്തി.
"എന്നാലും ഒരു ചടങ്ങുള്ളതല്ലേ ശങ്കരിയമ്മേ?"
"ആട്ടേ, ആ കുത്തുന്നതില്‍ എത്രാമെത്തെയായിരിക്കും മോനേ അരിവാള്‌ഇപ്പോ പഴേപോലെ കണ്ണുപിടിക്കാത്തതുകൊണ്ടാ നേരത്തേ ചോദിച്ചുവെക്കുന്നേ"
"അയ്യോ, ശങ്കരിയമ്മേ, ഞാന്‍ അരിവാളല്ല, കൈപ്പത്തിയാ.."
ശങ്കരിയമ്മയുടെ മുഖം മാറി.
'നീ എന്താ മോനേ അരിവാളെടുക്കാഞ്ഞേ? വളരെ വിഷമത്തോടെ ശങ്കരിയമ്മ പറഞ്ഞു. "മോന്‍ എന്നോടു പിണങ്ങരുത്, നീ എനിക്കൊരുപാടു ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ ഞാന്‍ അരിവാളേന്നു മാറ്റിക്കുത്തില്ല.. അച്ഛന്‍ ഉള്ളപ്പോഴേ ഉള്ള ശീലമാ’..
  .......................

മോന്‍സിയുടെ വീടിന്റെ വെഞ്ചരിപ്പിനു അച്ചനെ ക്ഷണിക്കാനാണ്‌ തങ്കച്ചന്‍ പള്ളിമേടയിലെത്തിയത്. ആ ദിവസം മെത്രാന്‍ മേടയിലെത്തുമെന്നും മെത്രാനോടൊപ്പം അച്ചന്‍ നേരിട്ടുവരാമെന്നു പറയുകയും ചെയ്തപ്പോള്‍ തങ്കച്ചനു അതിസന്തോഷം.
അച്ചന്‍ രഹസ്യമായി തങ്കച്ചനോടൊരു കാര്യം പറഞ്ഞു.
"തങ്കച്ചാ, തെരഞ്ഞെടുപ്പടുത്തു, കഴിഞ്ഞ ആഴ്ച വായിച്ച ഇടയലേഖനം നീ കേട്ടല്ലോ അല്ലേ.?"
"കേട്ടച്ചോ, അന്നാമ്മ അതു വീട്ടില്‍ വന്നു പറയുകേം ചെയ്തു"
"നമ്മുടെ സഭയുടെ കാര്യമാ, അപ്പോ അതു നീ വേണ്ടതുപോലെ ചെയ്യണം"
"അച്ചോ, അച്ചന്‍ ഇനി എന്നാ പറഞ്ഞാലും ഞാന്‍ അരിവാളേന്നു മാറ്റിക്കുത്തില്ല. കാലങ്ങളായുള്ള ശീലമാ അത്.
"സഭക്കുവേണ്ടി ശീലങ്ങളൊക്കെ മാറ്റണം തങ്കച്ചാ"
"പറ്റില്ലച്ചോ, നന്ദികേടു കാണിക്കാന്‍ തങ്കച്ചനെ കിട്ടില്ല. അച്ചനറിയാമോ, മോന്‍സി ഇന്നു ഗള്‍ഫിലെ പണം കൊണ്ടു രണ്ടുനില വീടുവെച്ചു, കാര്യം ശരിയാ, അതു നില്‍ക്കുന്നതേ പണ്ടു എന്റെ അപ്പച്ചനു കുടികിടപ്പു കിട്ടിയിടത്താ. അതു ഞങ്ങള്‍ക്കു വാങ്ങിത്തന്നവരെ അങ്ങനെയങ്ങു മറക്കാന്‍ പറ്റില്ലച്ചോ"
.................
വാസുദേവന്‍ നായര്‍ കൊച്ചുമകളുടെ കൈ പിടിച്ചു വളരെ പതുക്കെ പതുക്കെ അമ്പലത്തിന്റെ പടികയറുന്നതു കണ്ടു.
കയ്യില്‍ നാക്കിലയില്‍‍ ഒരു കുല തെറ്റിപ്പൂവും.
'തീരെ വയ്യാതായല്ലോ വാസേന്ന്യാരേ, വീട്ടിലിരുന്നു ദൈവത്തെ വിളിച്ചാല്‍ പോരേ' - പൂജാരി ചോദിച്ചു.
അപ്പൂപ്പന്റെ കൈ പിടിച്ചിരുന്ന കൊച്ചുമകള്‍ പറഞ്ഞു. "ഇന്നു അപ്പൂപ്പനു നേരിട്ടു വരണംന്നു നിര്‍ബന്ധ്യാരുന്നു. അതാ കൂട്ടിയേ. ഇന്നു കാവിലു രക്തപുഷ്‌പാഞ്ജലി നേരിട്ടു നടത്തണംന്നു പറഞ്ഞു ഒരേ നിര്‍ബന്ധം. ഇലക്ഷനില്‍ ഇടതുപക്ഷം ജയിക്കാനായിട്ട്."
..................

തികച്ചും അനുഭവസിദ്ധമായ (empirical) ആയ   ചില നാട്ടുകാഴ്ചകളാണിത്. ഇവര്‍ക്കു കുലംകുത്തലെന്തെന്നോ, ഔദ്യോഗികപക്ഷമാരെന്നോ, അവൈലബിള്‍ പി.ബി.എങ്ങനെയെന്നോ, ലാവ്‌ലിന്‍ എന്താണെന്നോ അറിയില്ല. ഇടതുപക്ഷം ശീലമാക്കിയ ഇക്കൂട്ടരുടെ ഹൃദയത്തില്‍ പേറുന്ന അരിവാളിന്റെ തിളക്കം നശിപ്പിക്കുന്നവര്‍ക്ക് കാലം മാപ്പുകൊടുക്കാതിരിക്കട്ടെ.
രഘു നായര്‍
കുവൈറ്റ്‌

5 comments:

  1. ഇവരെ ആര് കമ്യൂണിസ്റ്റ് അല്ലാതാക്കും?

    ReplyDelete
  2. ഇങ്ങനെ ഉള്ള കൈപത്തി കാരെയും ഞാന്‍ കണ്ടിട്ടുണ്ട്.. വേറെ ഒരു കൂട്ടം ഉള്ളത് സ്വതന്ത്രന് വോട്ട് ചെയ്യുന്നവര്‍. "ബാകി ഉള്ളവര്‍ക്കൊകെ എല്ലാരും വോട്ട് ചെയും ഈ പാവം സ്വതന്ത്രന്‍ മാര്‍ക്ക് ആര് ചെയ്യും ..അവര്‍ക്ക് വിഷമം ആവാതിരിക്കട്ടെ " അതാണവരുടെ പക്ഷം.

    ReplyDelete
  3. The standard of a government in democracy is the average standard of the people in democracy... Unless and until we uplift ourselves, the corruption and other soap-operas won't find its end.
    Just turn back into yourself and answer the question, "Will I pay bribe to get a thing done from GOVT official or buy a railway ticket in black?" Most of us now (If honestly) will answer this question "YES". And we may have so many excuses for that... "Well, I had no time to run after, It was urgent", and so on. So when we get a "NO" answer for the above question, the corruption will be abolished from India. We only know to blame and not to act. Remember, to act is not only taking streets in protest but also attaining self-compliance to the standard we are urging for...

    ReplyDelete
  4. കൈപ്പത്തിക്കു ഇത്ര ആഴത്തിലുള്ള അടയാളം ഉണ്ടോ?
    കൈപ്പത്തി വന്നത് എന്നുമുതലാണ് എന്നും എങ്ങിനെയായിരുന്നു എന്നും അറിയുന്നവര്‍ ഈ കള ത്തട്ടിലുണ്ടോ ആവോ?
    ഇതിലെ ശങ്കരിയമ്മയുടെ കാലത്തും വാസെന്ന്യരുടെ കാലത്തും കൈപ്പത്തി ഉണ്ടായിരുന്നില്ല..
    ചര്‍ക്കയും, പശുവും കിടാവും ഒക്കെ കഴിഞ്ഞാണ് കൈപ്പത്തി വരുന്നത്..അതുകൊണ്ട് തന്നെ അരിവാളിന്റെ അത്ര ആഴത്തിലുള്ള അടയാളപ്പെടുത്തല്‍ അതിനുണ്ടാകാന്‍ സാധ്യത കുറവാണ്.

    ReplyDelete
  5. എഴുതിയതൊക്കെ വളരെ ശരിയാണ്

    ReplyDelete