Thursday, September 15, 2011

തന്തക്കൊണം

         അനന്തിരവന്‍ ഭയങ്കര ധാരാളി ആണെന്ന് പെങ്ങളുടെ പരാതി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. അവള്‍ പറയുന്ന കണക്കിനാണെങ്കില്‍ അവന്‍റെ പോക്കത്ര ശരിയല്ല. കയ്യില്‍ കാശ് കിട്ടിയാലുടനെ അതു ചെലവാക്കിയാലെ അവനു സമാധാനം ആകത്തൊള്ളത്രേ. അവന് അവന്‍റെ തന്തയുടെ കൊണം അപ്പാടെ കിട്ടിയിട്ടുണ്ട്.. സരസ്സുനെ ആ ധാരാളിയുടെ കൂടെ കേട്ടിച്ചപ്പോഴേ പിഴച്ചതാ. അല്ലേലും പഠിക്കാന്‍ പോന്ന ചെറുക്കന് ഇത്രേം ചെലവെന്താ? എന്തായാലും സ്കൂള്‍ അവധി ആയല്ലോ. ഇത്തവണ അവനെ വിളിച്ചു വീട്ടില്‍ കൊണ്ടു നിര്‍ത്താം കുറച്ചുനാള്‍. സരസ്സൂം അതുതന്നെയല്ലേ പറയുന്നത്... 'അവന്‍ അങ്ങനെയെങ്കിലും അമ്മാവനെ കണ്ടു പഠിക്കട്ടെ' എന്ന്.. 
പെങ്ങളുടെ വീട്ടിലേക്കുള്ള ചെളിവരമ്പിലൂടെ നഗ്നപാദനായി നടക്കുമ്പോള്‍ കാര്‍ന്നോര്‍ മനസ്സില്‍ ഓരോന്ന് ആലോചിച്ചു. നാട്ടാര്‍ പിശുക്കനെന്നു വിളിക്കുന്നതില്‍ എനിക്കൊരു മനസ്താപവും ഇല്ല. എന്‍റെ കയ്യില്‍ കാശുണ്ടെങ്കില്‍ എനിക്ക് കഴിയാം; ഞാന്‍ കിട്ടുന്നത് അപ്പാടെ ചിലവാക്കിയാല്‍ പിന്നെ നാട്ടാര്‍ തരുമോ? ചുമ്മാതല്ല, ഓരോരുത്തര്‍ ഒരു ദിവസം പണിയില്ലെങ്കില്‍ അന്ന് പട്ടിണി ആയിപ്പോകുന്നത്; അന്ന് കിട്ടുന്നത് അന്നു തന്നെ തീര്‍ക്കും...എനിക്കങ്ങനെ വീണ്ടുവിചാരം ഇല്ലാതെ കഴിയാന്‍ പറ്റില്ല. അതിനാല്‍ എന്‍റെ കയ്യില്‍ കാശുമുണ്ട്, ഞാന്‍ പട്ടിണി കിടന്നിട്ടുമില്ല, ഒട്ടു കിടക്കുകേമില്ല. "രണ്ടു ദെവുസ്സം പട്ടിണി കിടക്കുന്നതാ ഇങ്ങനെ നാലു വറ്റും കഞ്ഞിവെളെളാം കുടിച്ചോണ്ട് കെടക്കുന്നതീ  ഭേദം" എന്ന കവലപ്പരിഹാസ്സത്തെ ഓര്‍ത്ത മൂപ്പിലാന്‍ പുച്ഛത്തോടെ കാര്‍ക്കിച്ചു തുപ്പിക്കൊണ്ട് ആഞ്ഞു നടന്നു.
         വെയിലിനു ചൂട് കടുത്തുതുടങ്ങി. സരസ്സു ഇനി ഇന്നു പോലത്തേക്ക്* വല്ലതും വെച്ചോ ആവോ? ഇന്നു ഏഴെട്ടു നാഴിക നടന്നതിന്‍റെ ആവാം നല്ല വിശപ്പ്‌. അല്ല, വെച്ചില്ലേലും അവളെ കുറ്റം പറയാന്‍ പറ്റില്ല; അവള്‍ക്കും എനിക്കും അമ്മവീട്ടിലെ കൊണമാ കിട്ടിയേന്നു അച്ഛന്‍ എപ്പെഴും പറയുമാരുന്നു. പിന്നെ ആ ചെറുക്കന്‍ ഒള്ളതുകൊണ്ട് വെക്കാതിരിക്കാന്‍ പറ്റില്ല; അവന്‍ സമ്മതിക്കത്തില്ല... ചെറുക്കനിലുള്ള പ്രതീക്ഷയും കത്തുന്ന വയറുമായി ഗോപാലപിള്ള ഉമ്മറത്തേക്കു കടന്നിരുന്നു.
               ഇത്തിരി വെള്ളം ഇങ്ങെടുത്തേടീ എന്നുള്ള വിളി കേട്ടപ്പോഴാണ് ഗോപാലന്‍കൊച്ചാട്ടന്‍ വന്ന കാര്യം സരസ്സു അറിഞ്ഞത്. ചെറുക്കനെ വന്നു കൊണ്ടുപോകാന്‍ പറഞ്ഞു കാര്‍ഡ്‌ അയച്ചപ്പോള്‍ ഇത്ര വേഗം കൊച്ചാട്ടന്‍ ഇങ്ങെത്തുമെന്നു വിചാരിച്ചില്ല. സരസ്സു വെള്ളവുമായി വേഗം പുറത്തേക്കു വന്നു. ഒറ്റ വലിക്കു വെള്ളം കുടിച്ചുതീര്‍ത്ത ഗോപാലന്‍ കാര്‍ന്നോര്‍ ദീര്‍ഘനിശ്വാസം ഉതിര്‍ത്തു.

"എന്തിയേടീ നിന്‍റെ ചെറുക്കന്‍?"
"ആ, രാവിലെ ഇറങ്ങിയതാ ഇവിടുന്ന്.. ആ കവലേലെങ്ങാനും കാണും.."
"എന്താടീ നിന്‍റെ മോനു വീട്ടിലിരുന്നാല്‍?"
"ഞാമ്പറഞ്ഞു മടുത്തു; ഇനി കൊച്ചാട്ടന്‍ തന്നെ ചോദിക്ക്... ഈശനേം ബ്രമ്മനേം പേടിയില്ലാതെ ഇങ്ങനെ നടക്കുവാ, വല്ലതും പഠിക്കുമായിരുന്നെങ്കിലും വേണ്ടുവില്ലായിരുന്നു"
"ഉം.."
"ഉച്ചക്ക് വല്ലോം തിന്നാനിങ്ങു വരും; അതിനു വന്നല്ലേ പറ്റൂ.."
"എന്തായാലും വെയിലാറീട്ട്‌ എന്‍റെ കൂടെ പോരാന്‍ ഒരുങ്ങിക്കോളാമ്പറ അവന്‍ വരുമ്പം. ഇനി ഇപ്പം പള്ളിക്കൂടം തൊറക്കുന്ന വരെ അവന്‍ അവടെ നിക്കട്ടെ."
സരസ്സൂനു സമാധാനമായി... അവര്‍ ചെറുക്കനെ വിളിക്കാന്‍ ഊടുവഴിയിലൂടെ കവലയിലേക്ക് വേഗം നടന്നു...
***          ***         ***         ***        ***        ***

          അമ്മാവന്‍റെ വീട്ടില്‍ കൊച്ചുകുട്ടന്‍ വിജയകരമായി ഒരാഴ്ച പിന്നിട്ടു. 'ഇനി ബാക്കിയുള്ള ഒന്നര മാസക്കാലം ഈ പിശുക്കന്‍റെ കൂടെ കഴിച്ചുകൂട്ടണമല്ലോ എന്നാലോചിച്ചപ്പോള്‍ അവനു പേടി തോന്നി. രാവിലെ എണ്ണീക്കുമ്പം മൊതല്‍ അമ്മ ചീത്തവിളിയാണെങ്കിലും ശാപ്പാടിനു പഞ്ഞമില്ലായിരുന്നു. ഇവിടെ അതും കഷ്ടി... ഒരു നേരവും ചുമ്മാതിരിക്കാന്‍ സമ്മതിക്കത്തുമില്ല ആ നശിച്ച കെളവന്‍.

ഒന്നു കവലേല്‍ പോയി ചുറ്റാമെന്നു വെച്ചാല്‍ ഇവിടെ ആരും അത്ര പരിചയക്കാരും ഇല്ല. ഒന്നു പോയതിന്‍റെ ചമ്മല്‍ മാറിയിട്ടുമില്ല. ഞാന്‍ പിശുക്കന്‍റെ ചേഴക്കാരനാണെന്ന് എവന്‍മാര്‍ എങ്ങനറിഞ്ഞു!

'ഡാ കൊച്ചു പിശുക്കാ, നീ നിന്‍റെ അമ്മാവന്‍റെ അനിന്ത്രേന്‍ തന്നല്ലിയോ? ഓ.. ഉപരിപഠനത്തിനു വന്നതായിരിക്കും, അല്ലിയോ? പഠിച്ചു പഠിച്ചു നീ ഒടുക്കം അമ്മാവനെ തോപ്പിക്കുമോടാ? ഹിഹിഹീ... അമ്മാവന്‍ ബിഎ ആണെങ്കില്‍ നീ എമ്മേ ആവുവോടാ..അമ്മാവന്‍ കഞ്ഞിവെള്ളം കുടിച്ചാല്‍ നീ കാടിവെള്ളം കുടിക്കണം...ഹീ ഹീ ഹീ' പരിഹാസ്സത്തിന്‍റെ 'ആക്കിയുള്ള' നീട്ടിച്ചിരിയില്‍ നിന്നു രക്ഷപെടാനായി തിരിച്ചുള്ള ഓട്ടത്തില്‍ പിന്നെ പറഞ്ഞതൊന്നും വ്യക്തമായില്ല.
'ഡാ കൊച്ചൂട്ടാ..' കാര്‍ന്നോരുടെ വിളി വന്നുകഴിഞ്ഞു. 'ഇങ്ങേര്‍ക്കിതെന്തിന്‍റെ കടിയാ?' മനസ്സില്‍ ശപിച്ചുകൊണ്ട് അവന്‍ എഴുനേറ്റു. എങ്ങനാ ഇവിടുന്നൊന്ന് രക്ഷപെടുക? എമ്മെയ്ക്ക് പഠിക്കാന്‍ വന്നതാണുപോലും.. അവന്‍മാരുടെ കളിയാക്കല്‍ അങ്ങോട്ടു മനസ്സീന്നു പോന്നില്ല. നാട്ടിലെ കവലയില്‍ ഇരുന്നു മറ്റുള്ളവരെ കളിയാക്കിയതിന്‍റെ ശിക്ഷയാകാം.

'നീ അമ്മാവനെ തോപ്പിക്കുമോടാന്ന്..' ഹോ, തൊലിയുരിഞ്ഞു പോയി...
അല്ലാ... ആ വഴിക്കൊന്നു ചിന്തിച്ചുകൂടെ? പിശുക്കുപരീക്ഷ പാസ്സാകുന്നതല്ലേ അമ്മാവന്‍റെ കയ്യീന്ന് രക്ഷപെടാനുള്ള ബെസ്റ്റു മാര്‍ഗ്ഗം? കൊച്ചൂട്ടന്‍റെ ചിന്ത ആ വഴിക്കായി. അവന്‍ മനസ്സില്‍ പദ്ധതികള്‍ ആവിഷ്കരിച്ചു.
***            ***            ***             ***               ***

         എന്‍റെ ശിക്ഷണത്തിന് പ്രയോജനം കണ്ടു തുടങ്ങി.. അമ്മാവന്‍ ഉള്ളാലെ സന്തോഷിച്ചു. വന്നിട്ട് എട്ടൊമ്പത് ദെവസ്സം ആയപ്പോഴേക്കും ആദ്യം ഒണ്ടായിരുന്ന ഏറും ചവിട്ടുമൊക്കെ മാറി. ശെരിയാവും, ശെരിയാക്കണം.. എന്നിട്ടു വേഗം തിരിച്ചയക്കണം. ഒരു ദെവുസ്സം നേരത്തെയായാല്‍ അത്രേം ചെലവു കുറയില്ലേ?
കൊച്ചൂട്ടനും അമ്മാവന്‍റെ തക്കോം തായോം മനസ്സിലാക്കി നിന്ന് തുടങ്ങി. അമ്മാവനെ സുഖിപ്പിക്കാനുള്ള അവന്‍റെ ശ്രമങ്ങള്‍ ഫലിച്ചുതുടങ്ങി. 'അതത്രേം എടുക്കണോ, ഇതിത്രേം വേണോ, അയ്യോ അതൊത്തിരി കൂടുതലല്ലേ' തുടങ്ങിയ നമ്പരുകള്‍ അമ്മാവന് ഇഷ്ടപ്പെടുന്നുണ്ടെന്ന് കാര്‍ന്നോരുടെ മുഖത്തുനിന്നു വായിച്ചെടുക്കാം. പക്ഷെ എന്നാണാവോ ഇനി എന്‍റെ പിശുക്ക് അമ്മാവന് ഇഷ്ടപ്പെട്ടിട്ട്  'എമ്മേ' വേണ്ട, ആ 'ബിഎ' പരീക്ഷ എങ്കിലും ഒന്നു പാസ്സാക്കി വിടുന്നത്..? അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ്‌  കൊച്ചൂട്ടന് ഒരുഗ്രന്‍ ഐഡിയ തോന്നിയത്... ഇതൊത്താല്‍ ഒത്തു...
        അത്താഴത്തിനും ഉറക്കത്തിനുമിടയിലുള്ള  ചെറിയൊരു ക്ലാസ്സ്‌ ഉണ്ട്, അമ്മാവന്‍റെ വക. എങ്ങിനെ ഒരു നല്ല പിശുക്കന്‍ ആകാം എന്നതാണ്‌ എന്നത്തേയും വിഷയം. പക്ഷെ അമ്മാവന്‍റെ ഭാഷയില്‍ അത് 'എങ്ങിനെ ജീവിക്കാന്‍ പഠിക്കാം' എന്നാണെന്നു മാത്രം. ഈ ക്ലാസ്സ്‌ സമയത്ത് സാധാരണ വിളക്ക് അണച്ചാണു വെക്കാറുള്ളത് (സംസാരിക്കുവാന്‍ വിളക്കിന്‍റെ ആവശ്യം ഇല്ലല്ലോ എന്നതാണ്‌ അമ്മാവന്‍റെ തിയറി)
      അന്നും പതിവുപോലെ ക്ലാസ്സ്‌ കഴിഞ്ഞ് അമ്മാവന്‍ വിളക്ക് കത്തിക്കാന്‍ തുടങ്ങിയപ്പോള്‍ കൊച്ചൂട്ടന്‍ പറഞ്ഞു, "അമ്മാവാ, ഒരു മിനുട്ടേ... ഞാന്‍ എന്‍റെ മുണ്ടൊന്നു എടുത്തുടുത്തോട്ടെ..."
"നീ അതിനിടയില്‍ എന്തിനാടാ മുണ്ടുരിഞ്ഞുവെച്ചത്?"
"അതമ്മാവാ, ഇരുട്ടത്തിരിക്കുമ്പോള്‍ മുണ്ടു വേണ്ടല്ലോ; അത്രേം കുറച്ചല്ലേ മുഷിയത്തൊള്ളൂ എന്ന് വെച്ചാ..."
അമ്മാവന്‍ മറുപടി ഒന്നും പറഞ്ഞില്ല...
പിറ്റേന്ന് രാവിലെ തന്നെ കൊച്ചൂട്ടനു വീട്ടില്‍ പോകാനുള്ള അനുവാദം കിട്ടി. പരീക്ഷ പാസ്സായിട്ടാണോ അതോ ഇവനൊന്നും  ജീവിതത്തിന്‍റെ അമ്മാവന്‍ തിയറി ഒരിക്കലും പാസ്സാവില്ലെന്നു കണ്ടിട്ടാണോ അനുവാദം കിട്ടിയതെന്ന് ഇപ്പോഴും അജ്ഞാതം...


*പകലത്തേക്ക് - ഉച്ചഭക്ഷണം എന്നതിന് ഓണാട്ടുകര പ്രദേശത്തെ ഒരു പഴയ പ്രയോഗം.
(ഇത് പിശുക്കിനെക്കുറിച്ചുള്ള ഒരു നാടോടി നര്‍മ്മത്തിന്‍റെ കഥാവിഷ്കാരമാണ്. അമ്മാവന്‍മാര്‍ ക്ഷമിക്കുക)
സന്തോഷ്‌ നായര്‍

7 comments:

  1. ഈ അമ്മാവന് ഓണാട്ടുകരയിലെ ലൈവ് ആയ ഏതെങ്കിലും അമ്മാവന്മാരുമായി സാമ്യം തോന്നുന്നുവെങ്കില്‍ ആരും കഥാകൃത്തിനെ കുറ്റപ്പെടുത്തരുത് എന്ന് അപേക്ഷിക്കുന്നു.

    ReplyDelete
  2. മുന്നെ കേട്ടിട്ടുള്ളതാണു, പ്ക്ഷെ നന്നായിരിക്കുന്നു അവതരണം!

    ReplyDelete
  3. കഥ നന്നായിട്ടുണ്ട്. ഒരു നാടന്‍ കഥയ്ക്ക് നിറവും മിഴിവും ഒഴുക്കും നല്കി് അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍

    കൃഷ്ണ

    ReplyDelete
  4. പ്രിയ സന്തോഷ്‌ ,
    ഒരു പഴയ നാടന്‍ തമാശയെ താങ്കള്‍ വളെരെ മനോഹരമായി ആയി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങള്‍
    ബിജു പിള്ള

    ReplyDelete
  5. അനുഭവം ഗുരു .....................

    ReplyDelete
  6. ഇത്രയും പ്രതീക്ഷിച്ചില്ല, ചുമ്മാതല്ല ഉച്ചി പൂട നഹി ഹെ എന്ന പോലായത്. പക്ഷെ കൊള്ളാം...വായിച്ചു വന്നപ്പോള്‍ അപ്രതീക്ഷിതമായ നല്ല ഒരു ക്ലൈമാക്സില്‍ എത്തി. അവസാനം 'നാടോടി നര്‍മ്മത്തെ ഉപജീവിച്ച്' ആവിഷ്കരിച്ചതെന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഞാന്‍ ഈ കഥ ആദ്യമായിട്ടാണു കേള്‍ക്കുന്നത്.

    ReplyDelete
  7. അനുഭവാംശങ്ങളെ ഉപജീവിച്ചു കൊണ്ടല്ലേ സൃഷ്ടികള്‍ ഉണ്ടാകുന്നത്? അതിന്‍റെ ഉറവിടവും ഞാന്‍ കഥയുടെ താഴെ സൂചിപ്പിച്ചിരുന്നല്ലോ? താങ്കള്‍ ആ നാടോടി ഫലിതം കേട്ടിട്ടില്ലെങ്കില്‍ അത് കഥാകാരന്‍റെ കുറ്റം ആണോ? പിന്നെ അനുഭവങ്ങള്‍ സ്വന്തം മാത്രമാണെങ്കില്‍ എല്ലാവരും ആത്മകഥ മാത്രം എഴുതിയാല്‍ പോരെ? ഇനി താങ്കള്‍ പറയുന്നപോലെ സ്വന്തം അനുഭവമാനെങ്കില്‍തന്നെ അത് തുറന്നു പറയാന്‍ മടി ഇല്ലേ കേട്ടോ?

    ReplyDelete